Saturday, May 29, 2010

കൊതി തീരാത്ത മഴ

കൊതി തീരാത്ത മഴ
പെയ്യ്തു കൊതി തീരാതെയാണ്
മടക്കം.
മനസ്സുണര്‍ന്നു പെയ്യ്തയീ
മഴക്കാടുകളെ വെടിഞ്ഞു
പോകാന്‍, ഇഷ്ടമുണ്ടായിട്ടല്ല.
ഇനി പെയ്യേണ്ട
 മരുവിനെക്കുറിച്ച് അറിയാഞ്ഞിട്ടുമല്ല.
മരുവിലും പെയ്യാന്‍ വിധിക്കപ്പെട്ട
മഴ.
പെയ്യാതെ തരമില്ല.
മഴക്കാടും വെടിഞ്ഞ്,
മരുവും കടന്നെത്തുമ്പോള്‍,
കാത്തിരിക്കുന്ന മഴനിഴല്‍-
പ്രദേശത്തെ കുറിച്ച് ഓര്‍ക്കാതെയുമല്ല.


പെയ്യുന്നതെന്തും
കൈനീട്ടിവാങ്ങി,
വീണ്ടും പെയ്യാന്‍ പ്രേരിപ്പിക്കുന്ന
എന്‍റെ മഴക്കാടുകള്‍.
ഋതു ഒക്കെയും
ആണ്ടിലോരുവട്ടം മാത്രം.
ഇങ്ങനെ പെയ്യാനൊരു
കൂടാരം,
ജന്മത്തില്‍ ഒരിക്കല്‍.
ദേശാടനതിനിടയില്‍
ചേക്കേറാന്‍
ഇത്ര സ്വപ്ന സമാനമായ
മരക്കൊമ്പ്
കിട്ടുന്നത് ആദ്യം.
അതിലൊരു കിളിക്കൂട്‌
തീര്‍ത്തു വന്നപ്പോഴേക്കും
സമയം കളഞ്ഞു പോയിരുന്നു.


ആടിപ്പാടി, വഴക്കടിച്ച്,
പിണങ്ങി, കൂട്ടുകൂടി
പെയ്യ്ത നാളുകള്‍.
ഞാന്‍ പെയ്യുന്നതൊക്കെയും
പെറുക്കിക്കൂട്ടി,
എന്നുമോര്‍മിക്കാന്‍ സൂക്ഷിക്കുന്ന,
ചെറു കുളങ്ങള്‍.


പോകാതെ തരമില്ല.
ഉയിരിവിടെ ഉരിഞ്ഞിട്ട്‌,
മാണിക്ക്യം നഷ്ടപ്പെട്ട
സര്‍പ്പത്തെപ്പോലെ,
ഒരു മടക്കയാത്ര.
പെയ്യാന്‍ ഉഗ്രകല്പ്പന
കാത്ത്,
അടുത്തൊരു
 മഴക്കാലം വരെ.
ഈ ജന്മത്തിനക്കരെ,
മറ്റൊരു ജന്മത്തിനിക്കരെ,
ദേശാടനത്തിന്റെ
അടുത്ത പംക്തി വരെ.

No comments:

Post a Comment