Saturday, May 29, 2010

കൊതി തീരാത്ത മഴ

കൊതി തീരാത്ത മഴ
പെയ്യ്തു കൊതി തീരാതെയാണ്
മടക്കം.
മനസ്സുണര്‍ന്നു പെയ്യ്തയീ
മഴക്കാടുകളെ വെടിഞ്ഞു
പോകാന്‍, ഇഷ്ടമുണ്ടായിട്ടല്ല.
ഇനി പെയ്യേണ്ട
 മരുവിനെക്കുറിച്ച് അറിയാഞ്ഞിട്ടുമല്ല.
മരുവിലും പെയ്യാന്‍ വിധിക്കപ്പെട്ട
മഴ.
പെയ്യാതെ തരമില്ല.
മഴക്കാടും വെടിഞ്ഞ്,
മരുവും കടന്നെത്തുമ്പോള്‍,
കാത്തിരിക്കുന്ന മഴനിഴല്‍-
പ്രദേശത്തെ കുറിച്ച് ഓര്‍ക്കാതെയുമല്ല.


പെയ്യുന്നതെന്തും
കൈനീട്ടിവാങ്ങി,
വീണ്ടും പെയ്യാന്‍ പ്രേരിപ്പിക്കുന്ന
എന്‍റെ മഴക്കാടുകള്‍.
ഋതു ഒക്കെയും
ആണ്ടിലോരുവട്ടം മാത്രം.
ഇങ്ങനെ പെയ്യാനൊരു
കൂടാരം,
ജന്മത്തില്‍ ഒരിക്കല്‍.
ദേശാടനതിനിടയില്‍
ചേക്കേറാന്‍
ഇത്ര സ്വപ്ന സമാനമായ
മരക്കൊമ്പ്
കിട്ടുന്നത് ആദ്യം.
അതിലൊരു കിളിക്കൂട്‌
തീര്‍ത്തു വന്നപ്പോഴേക്കും
സമയം കളഞ്ഞു പോയിരുന്നു.


ആടിപ്പാടി, വഴക്കടിച്ച്,
പിണങ്ങി, കൂട്ടുകൂടി
പെയ്യ്ത നാളുകള്‍.
ഞാന്‍ പെയ്യുന്നതൊക്കെയും
പെറുക്കിക്കൂട്ടി,
എന്നുമോര്‍മിക്കാന്‍ സൂക്ഷിക്കുന്ന,
ചെറു കുളങ്ങള്‍.


പോകാതെ തരമില്ല.
ഉയിരിവിടെ ഉരിഞ്ഞിട്ട്‌,
മാണിക്ക്യം നഷ്ടപ്പെട്ട
സര്‍പ്പത്തെപ്പോലെ,
ഒരു മടക്കയാത്ര.
പെയ്യാന്‍ ഉഗ്രകല്പ്പന
കാത്ത്,
അടുത്തൊരു
 മഴക്കാലം വരെ.
ഈ ജന്മത്തിനക്കരെ,
മറ്റൊരു ജന്മത്തിനിക്കരെ,
ദേശാടനത്തിന്റെ
അടുത്ത പംക്തി വരെ.

Saturday, May 22, 2010

തരിശുനിലം

തരിശുനിലം
ഒര്ര്‍മയാകാതെ,
ഓര്‍മ്മപ്പെടുത്തല്‍ ആകാതെ,
എന്നോ ഒരിക്കല്‍-
ഒരിടക്കാലത്ത്‌
തരിശുഭൂമിയില്‍
പെയ്യ്തു മറഞ്ഞൊരു
സാധാരണക്കാരിയായി മഴ.

മണ്ണിന്റെ നെഞ്ചിലെക്കെ ഇറങ്ങാതെ,
ഒരു തുള്ളി നനവ്‌ കൂടി
ബാക്കി വയ്ക്കാതെ,
വെറും പുറമെക്കാരി  മാത്രമായി മഴ.

എന്നിട്ടും മഴയ്ക്ക് പെയ്യ്തു ഇറങ്ങാന്‍,
അനിവാര്യമാകുന്ന മണ്ണ്.
മണ്ണിന്റെ ഇളം ചൂടുള്ള നെഞ്ചിലെക്കെ
ആര്‍ത്തലച്ചു വീഴുന്ന,
വീണു കരയുന്ന മഴ.

മഴയുറങ്ങുന്ന വേനലിലും,
മഴയുറയുന്ന മഞ്ഞിലും
പെയ്യ്തലയ്ക്കുന്ന മഴയിലും
നിര്‍വികാരനായി തരിശുനിലം-
ഒരു പാട് മഴ കണ്ട അനുഭവ സമ്പത്തോടെ,
ഓരോ മഴയും
പലതില്‍ ഒന്ന് മാത്രമെന്ന
നിസന്ഗതയോടെ.

തരിശു നിലങ്ങളിലെ മഴയുടെ
പതനത്തിലെ വേദന,
പെയ്യ്ത് അലിഞ്ഞ്‌
 ഇല്ലതാകുന്നതിലെ ശൂന്യത...
മഴ....
ആത്യന്തികമായി
പെയ്യ്തെ ഒഴിയലാകുന്നു,
നഷ്ടപ്പെടലാകുന്നു.

ഒരിക്കല്‍ മാത്രം

ഒരിക്കല്‍ മാത്രം
ജനലിനിപ്പുറത്തു നിന്ന് മാത്രം
മഴ നനയാന്‍
ഇഷ്ടപ്പെട്ടിരുന്ന( ധൈര്യപ്പെട്ടിരുന്ന)
 ഞാന്‍,
ഒരു മഴയിലേക്കെ
ഇറങ്ങിയതെപ്പോഴാണ്?

തനിയെ നനഞ്ഞൊലിച്ചു
നടക്കുന്നത് കണ്ടലിവു തോന്നി,
കുടയില്‍ കയറ്റി കുറച്ചേറെ ദൂരം.
കൂടെക്കൂട്ടി,
വഴിപിരിയുന്നിടത്തോളം.
ഇനിയൊരുപാടു മഴ നനയാന്‍
ധൈര്യo  തന്ന്.....

നന്ദി,
പെയ്യ്ത മഴക്കും
കയറിയ കുടയ്ക്കും
പിന്നെ...

മഴ കെടുമ്പോള്‍,
ഓര്‍ത്ത് ഓമനിക്കാന്‍.
മഴ നനഞ്ഞ് ഇല്ലാതാകുമ്പോള്‍,
ചുമല്‍ തട്ടി ധൈര്യo കൂട്ടാന്‍.

ഒരിക്കല്‍ പെയ്യ്ത ഒരു മഴയും,
തലയോളിപ്പിച്ച ഒരു കുടയും
പിന്നെ.....

Monday, May 17, 2010

മഴയ്ക്കുമെനിക്കുമിടയില്‍

മഴയ്ക്കുമെനിക്കുമിടയില്‍
മഴ വരും,
വരാതിരിക്കില്ലെന്ന
സാന്ത്വനമായി,
ഒരു മാനം നിറയെ
മഴക്കാറു വിങ്ങുമ്പോള്‍-

ഓട്ടക്കൈക്കിടയിലൂടെ
 ഒഴുകിയോലിച്ചകലുന്ന
 മഴ,
പെരുവഴി മുഴുവന്‍ നിറഞ്ഞു,
പൊട്ടിക്കരഞ്ഞു   തിമിര്‍ക്കുമ്പോള്‍-

മഴയേ,
 നിങ്ങളെന്നില്‍
ഭ്രാന്തായി നിറയുന്നു.
ഏതിരുട്ടിലും
 തിരിച്ചറിയപ്പെടുന്ന മഴ

ബോധാബോധങ്ങളുടെ
നേര്‍ത്ത വരമ്പിലും
തെളിമയോടെ
കണ്ടുമുട്ടുന്ന
മഴക്കാഴ്ച.

ഒരിക്കല്‍ക്കൂടി കാണാമെന്നൊരു
നേര്‍ത്ത പ്രതീക്ഷ കൂടി
അവശേഷിപ്പിക്കാതെ,
നേര്‍ത്ത പദ ചലനങ്ങളോടെ
നടന്നകന്ന മഴ-
കടലുകള്‍ക്ക് അപ്പുറത്തേക്കോ
മരുവിന്  അപ്പുറത്തേക്കോ
യാത്രയായത്?

Tuesday, May 11, 2010

നഗരത്തില്‍ എത്തിപ്പെട്ട മഴ

നഗരത്തില്‍  എത്തിപ്പെട്ട  മഴ

ഈ നഗരത്തില്‍
മഴ തനിച്ചാണ്-
പെയ്യണമോ വേണ്ടയോ
എന്നു കൂടി തീര്‍ച്ചയില്ലാതെ.
ആകാശതുരുണ്ടുകൂടിയ
മഴക്കാറ്‌ ഒക്കെയും
ഈ ജനമത്രയും
കണ്ടതാണ്.
ഇനി പെയ്യാതെ
പിന്‍വാങ്ങല്‍
നാണകേടാണ്,
ഭീരുത്വമാണ്.
പെയ്യുക തന്നെ!!
 കാറ്റു കരുത്ത് സംഭരിക്കുന്നു-
ജീവിക്കാന്‍ സമ്മതിക്കാതെ,
സര്‍വ ശക്തിയുമെടുത്തു
ആഞ്ഞടിക്കുന്നു
കാറ്റിനെതിരെ
എതിര്‍ ദിശയില്‍ നിന്ന് വേണം
പെയ്യ്തു തുടങ്ങാന്‍.
അല്ലെങ്കില്‍പ്പിന്നെ
കാറ്റെടുത്ത
ചന്നംപിന്നം മഴയായിപ്പോകും
പെയ്യുന്നതൊക്കെയും.
അങ്ങനെ പെയ്യുന്നതില്‍ അര്‍ത്ഥമില്ല.
ഒരാള്‍ ജയിച്ചേ മതിയാകൂ-
ഒന്നുകില്‍ മഴ,
അല്ലെങ്കില്‍ കാറ്റു.
തോറ്റു  ശീലമില്ലാത്ത
മഴ,
പൂര്‍വാധികം  ശക്തിയോടെ
പെയ്യാന്‍ തീരുമാനിച്ചു.

Saturday, April 24, 2010

മഴ ഒഴിഞ്ഞ വഴി

മഴ ഒഴിഞ്ഞ വഴി

ആദ്യമായി
മഴ കണ്ടതും
മഴ നനഞ്ഞതും
ഈ മഴക്കാടുകളില്‍ എവിടെയോ
 വച്ചാണ്.
കണ്ടു നില്‍ക്കവേ,
നനഞ്ഞു ഈറനാകവേ,
കൈയില്‍ നിന്നകലുന്ന-
താണ് മഴയെന്നു മാത്രം
പഠിപ്പിക്കാന്‍ മറന്ന
എന്‍റെ മഴക്കാടുകള്‍.
പിന്നീടെപ്പോഴോ
മഴയിവിടില്ലാതായി.
മഴ നനഞ്ഞ വഴി
മഴ ഒഴിഞ്ഞ വഴിയായി.