Wednesday, December 21, 2011

എന്‍റെ മഴ

മഴ, മഴ മാത്രം
വന്നു പോകാറുണ്ട്-
കാണണമെന്ന് തോന്നി തുടങ്ങുബോഴെക്ക്-
മുന്‍കൂട്ടി പറഞ്ഞുറപ്പിക്കാതെ-
കാണാന്‍ കൊതിക്കുന്ന
വേഷപ്പകര്ച്ചകളില്‍.
പ്രിയകരമായ, പരിചിതമായ
മഴയുടെ പതിഞ്ഞ ഇരമ്പം.

തിരക്കുകളില്‍,
മിന്നായം പോലെ വിളിച്ചിറക്കി,
കുശലങ്ങള്‍ അന്വേഷിച്ചു  മടക്കം.
നനയാന്‍ മടിച്ചു മടിച്ചിരിക്കെ,
കൂട്ടിക്കൊണ്ടു പോയി നനച്ച്,
ഒരോട്ട പ്രദക്ഷിണം,
മടി മാറ്റി യങ്ങനെ....

മനസ്സ് തുറക്കെ,
ചാഞ്ഞും ചെരിഞ്ഞും
ദീര്‍ഘ-ദീര്‍ഘമായി
മതിവരുവോളം പെയ്യ്തങ്ങനെ...

പിന്നെയും പിന്നെയും
മഴക്കായി കാത്തിരിക്കാന്‍
നഷ്ടബോധം  അവശേഷിപ്പിച്ച്
മഴ മടങ്ങുന്നു.

ഓരോ തവണ
മഴയില്‍ നിന്ന്
പിന്തിരിഞ്ഞു നടക്കുമ്പോഴും,
എതിരെ വരുന്നവര്‍
ചോദിക്കാറുണ്ട്-
തേടി നടക്കുന്നതിനെ കുറിച്ച്,
കളഞ്ഞു പോയതിനെ കുറിച്ച്.

മഴ, മഴയെ തന്നെയാവും
ഞാന്‍ തേടി നടന്നിരുന്നത്.
അതോ,
മഴയെ തന്നെയാണോ
എനിക്ക് നഷട്ടപ്പെട്ടിട്ടുണ്ടാവുക ?

22-12-2011


Thursday, July 21, 2011

മഴ, കുശലങ്ങള്‍.....പിന്നെ കാപ്പിയും.

മഴ, കുശലങ്ങള്‍.....പിന്നെ കാപ്പിയും.
ഒന്നോടിയെത്തി,
പെയ്തെന്നു വരുത്തി,
ധൃതിയില്‍
തിരിഞ്ഞു നടക്കുന്ന
മഴയും-
വിളിച്ചു അന്വേഷിച്ചെന്നു വരുത്തി തീര്‍ക്കുന്ന
കുശലങ്ങളും-
കാത്തിരിക്കുന്നവരുടെ
വേദനകളാകുന്നു.

മഴയ്ക്ക്‌ പെയ്യാതിരിക്കാം-
മഴ വറ്റി വരണ്ടെന്ന്
സ്വയം സമാധാനിക്കാമല്ലോ!!!
പരസ്പരം അപരിചിത ഗ്രഹങ്ങളാകാം-
മറുതലയ്ക്കല്‍ ഒരു സ്വരംകൂടി
അന്യമാകുന്നുവെന്നു നിസംഗതപ്പെടാമല്ലോ!!

ചൈതന്യമറ്റ  മഴയും
പൊള്ളയായ കുശലങ്ങളും-
ചൂടും കടുപ്പവുമില്ലാത്ത കാപ്പി പോലെ -
നിരാശപ്പെടുത്തുന്നു.










Friday, June 24, 2011

ദാഹാര്‍ത്തയായ മഴ

ദാഹാര്‍ത്തയായ  മഴ
മരിക്കും വരെയും
പ്രണയിച്ചു കൊണ്ടേയിരിക്കാന്‍
കഴിയാതിരുന്നെന്കിലെന്നു
ഭയന്ന്-
പ്രണയിച്ചു കൊണ്ട് മരിക്കാന്‍
നിനച്ചു,
കൊതിച്ചു,
ദാഹിച്ചു,
ഒരു മഴ വരളുന്നു.


മഴപ്പെയ്യ്ത്ത്

മഴപ്പെയ്യ്ത്ത്
ഒരിക്കലൊന്നു സംസാരിച്ചു,
ഫോണ്‍ വച്ചധികമാകും മുന്‍പേ,
മറന്നു പോയതെന്തോ
ഓര്‍ത്തെടുത്തു പറയാന്‍
വീണ്ടും വിളിക്കുന്നത്‌ പോലെയിവിടെ
 മഴ.

ഒരു നീണ്ട
പെയ്യ്ത്തിനൊടുവിലും
പറഞ്ഞു തീര്‍ക്കാന്‍ എന്തൊക്കെയോ
ബാക്കിയാകുന്നു-
പെയ്യ്തു ഒഴിയാന്‍  മഴക്കാറുകള്‍
മാനത്ത് വട്ടം  കൂടുന്നു.
സങ്കോചത്തോടെ,
വീണ്ടുമൊരു
മഴച്ചാറ്റലായി
പെയ്യ്തു ഒഴിയവേ,
ഒക്കെ പറഞ്ഞു കഴിഞ്ഞെന്ന സംതൃപ്തി.

നീണ്ടും കുറുകിയും
പെയ്യുന്നതിനിടയില്‍
അകലങ്ങളില്‍ നിന്ന് കേട്ടെടുക്കുവാന്‍
കഴിയുന്ന ശ്വാസതാളം,
കാണാതെ കണ്ടെടുക്കുവാന്‍ കഴിയുന്ന
ഭാവപ്പകര്‍ച്ചകള്‍.
എത്ര ദൂരെ
കാണാമറയത്തായിരുന്നാലും
സ്വരവ്യതിയാനങ്ങളില്‍ തൊട്ടറിയാം
മഴയുടെ
മനോവ്യാപാരങ്ങള്‍.

ഓരോ തവണ
മഴ സംഭവിക്കുമ്പോഴും
ഞാന്‍ മഴയെ
കൂടുതലറിയുന്നു,
മഴയിലേക്ക്‌
കൂടുതലടുക്കുന്നു,
മഴയെ,മഴയെ മാത്രം
കണ്ണില്‍ നിറയ്ക്കുന്നു.















Tuesday, February 22, 2011

മഴയിലേക്ക്‌ നീളുന്ന മഴക്കാറുകള്‍

മഴയിലേക്ക്‌  നീളുന്ന മഴക്കാറുകള്‍
രാവിലത്തെ മങ്ങലും
ഉച്ച നേരത്തെ മഴക്കാറും
കാര്യമാക്കണ്ട.

നേരമിത്രക്കിത്ര
മാറിമറിയുമ്പോള്‍,
വിരുദ്ധ ദിശകളിലേക്ക്,
പരസ്പരം പറഞ്ഞകലുന്ന
ക്ഷണികതകള്‍-
മഴ കാത്തിരുന്നവരെ
അവഗണിച്ചു കൊണ്ട്,
ശ്രേഷ്ഠ സൂര്യന്മാര്‍ക്ക്
പരവതാനി വിരിക്കുന്ന
പ്രായോഗികമതികള്‍.

സന്ധ്യയാകാന്‍ പിന്നെയും
നേരമുണ്ടല്ലോ.

നാല് മണിക്ക് ശേഷവും
മഴക്കാറു ഉണ്ടെങ്കില്‍,
നമുക്കൊരുമിച്ചു ഒന്ന്  നടക്കാന്‍
പോകണം-
നേര്‍ത്ത കാറ്റിന്റെ പശ്ചാത്തലത്തില്‍.
നാല് മണിയും  താണ്ടി,
സന്ധ്യയിലേക്ക്‌ കടക്കുന്ന
മഴക്കാറുകളെ
കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ?

മഴയെന്ന ഉടമ്പടിയിലേക്ക്
നീളുന്ന മഴക്കാറുകള്‍,
മഴയിലേക്ക്‌ നടന്നടുക്കുന്ന മഴക്കാറുകള്‍.

കാരണം,
തീരെ തനിച്ചാകുന്ന
രാത്രികളില്‍ നമുക്ക് തുണ,
ഒരു പക്ഷെ
ഈ മഴക്കാരുകലും
പിന്നെയാ മഴയുടെ ഇത്തിരി
 നനവും മാത്രമാകാo.

ഫെബ്രുവരി 22,2011 .